ഇന്നത്തെ മാതൃഭുമിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ വന്ന വാര്‍ത്ത. മുത്തൂറ്റ് പോള്‍ വധകേസ് സിബിഐക്ക് വിടണമെന്ന കോടതി നിര്‍ദേശത്തോട് ആഭ്യന്തരമന്ത്രിയുടെ പ്രതികരണമാണ് വിഷയം. "മൂത്തൂറ്റ് പോള്‍.എം.ജോര്‍ജ്ജ് വധക്കേസില്‍ ഏത് അന്വേഷണം നടത്തുന്നതിനും സര്‍ക്കാരിന് എതിര്‍പ്പില്ലെന്നാണ് കോടിയേരിയുടെ പ്രതികരണം. പക്ഷെ അതിനൊപ്പം കൊടുത്ത കോടിയേരിയുടെ ചിത്രത്തിലെ ഭാവത്തിന് എന്തോ ഒരു പ്രശ്നമുണ്ടെന്നു, എനിക്ക് മാത്രം തോന്നുന്നതാണോ? പ്രത്യേകിച്ചും പ്രസ്തുത മുത്തുറ്റ് കേസില്‍ ആഭ്യന്തരമന്ത്രിക്കും പോലീസിനും സിപിഎമ്മിനും ചില രഹസ്യതാല്പര്യങ്ങളുണ്ടെന്ന 'മാധ്യമ വാര്‍ത്തകളുടെ' പശ്ചാത്തലത്തില്‍. അസ്വസ്ഥനും പ്രക്ഷുബ്ദനുമായി കാണുന്നു ഈ ചിത്രത്തില്‍ കോടിയേരി. കാര്യങ്ങള്‍ കൈവിട്ടുപോകുമ്പോള്‍ ശുണ്ടിപിടിക്കുന്ന പോലെ തോന്നുന്നു ചിത്രം. എന്തായാലും കോടതി നിര്‍ദേശത്തോട് പ്രതികരിക്കുമ്പോള്‍ പകര്‍ത്തിയ ചിത്രമായിരിക്കില്ല ഇത്. വാര്‍ത്തകള്‍ വസ്തു നിഷ്ടമായി അവതരിപ്പിക്കുന്നതിനു പകരം ഇത്തരത്തില്‍ എഡിറ്റിംഗിലൂടെ പുതിയൊരു മാനം വാര്‍ത്തകള്‍ക്ക് ഉണ്ടാക്കുന്നത് അഭിലഷണീയമാണോ? വാര്‍ത്തകളും കാര്‍ട്ടൂണുകളും തമ്മില്‍ വ്യത്യാസമൊന്നുമില്ലേ?
വ്യതസ്തമായ രണ്ടു ബിംബങ്ങള്‍ ചേര്‍ത്തു വച്ച് പുതിയ ഒരു അര്‍ത്ഥമുണ്ടാകുന്ന
'മൊണ്ടാഷിനെ' കുറിച്ച് വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് വാര്‍ത്തകള്‍ കൊണ്ട് മൊണ്ടാഷ് സൃഷ്ടിക്കുന്ന പുതിയ വിദ്യ കണ്ടത്. എന്തായാലും കൊള്ളാം, നല്ല പത്രപ്രവര്‍ത്തനം.