Thursday, January 21, 2010

മാതൃഭൂമിയുടെ കോടിയേരി മൊണ്ടാഷ്ഇന്നത്തെ മാതൃഭുമിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ വന്ന വാര്‍ത്ത. മുത്തൂറ്റ് പോള്‍ വധകേസ് സിബിഐക്ക് വിടണമെന്ന കോടതി നിര്‍ദേശത്തോട്‌ ആഭ്യന്തരമന്ത്രിയുടെ പ്രതികരണമാണ് വിഷയം. "മൂത്തൂറ്റ് പോള്‍.എം.ജോര്‍ജ്ജ് വധക്കേസില്‍ ഏത് അന്വേഷണം നടത്തുന്നതിനും സര്‍ക്കാരിന് എതിര്‍പ്പില്ലെന്നാണ് കോടിയേരിയുടെ പ്രതികരണം. പക്ഷെ അതിനൊപ്പം കൊടുത്ത കോടിയേരിയുടെ ചിത്രത്തിലെ ഭാവത്തിന് എന്തോ ഒരു പ്രശ്നമുണ്ടെന്നു, എനിക്ക് മാത്രം തോന്നുന്നതാണോ? പ്രത്യേകിച്ചും പ്രസ്തുത മുത്തുറ്റ്‌ കേസില്‍ ആഭ്യന്തരമന്ത്രിക്കും പോലീസിനും സിപിഎമ്മിനും ചില രഹസ്യതാല്പര്യങ്ങളുണ്ടെന്ന 'മാധ്യമ വാര്‍ത്തകളുടെ' പശ്ചാത്തലത്തില്‍. അസ്വസ്ഥനും പ്രക്ഷുബ്ദനുമായി കാണുന്നു ഈ ചിത്രത്തില്‍ കോടിയേരി. കാര്യങ്ങള്‍ കൈവിട്ടുപോകുമ്പോള്‍ ശുണ്ടിപിടിക്കുന്ന പോലെ തോന്നുന്നു ചിത്രം. എന്തായാലും കോടതി നിര്‍ദേശത്തോട് പ്രതികരിക്കുമ്പോള്‍ പകര്‍ത്തിയ ചിത്രമായിരിക്കില്ല ഇത്. വാര്‍ത്തകള്‍ വസ്തു നിഷ്ടമായി അവതരിപ്പിക്കുന്നതിനു പകരം ഇത്തരത്തില്‍ എഡിറ്റിംഗിലൂടെ പുതിയൊരു മാനം വാര്‍ത്തകള്‍ക്ക് ഉണ്ടാക്കുന്നത് അഭിലഷണീയമാണോ? വാര്‍ത്തകളും കാര്‍ട്ടൂണുകളും തമ്മില്‍ വ്യത്യാസമൊന്നുമില്ലേ?


വ്യതസ്തമായ രണ്ടു ബിംബങ്ങള്‍ ചേര്‍ത്തു വച്ച് പുതിയ ഒരു അര്‍ത്ഥമുണ്ടാകുന്ന 'മൊണ്ടാഷിനെ' കുറിച്ച് വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് വാര്‍ത്തകള്‍ കൊണ്ട് മൊണ്ടാഷ് സൃഷ്ടിക്കുന്ന പുതിയ വിദ്യ കണ്ടത്. എന്തായാലും കൊള്ളാം, നല്ല പത്രപ്രവര്‍ത്തനം.

Saturday, January 9, 2010

ദളിത്‌ രാഷ്ട്രീയം : സലിംകുമാറിന്റെ ലേഖനം
ദളിത് രാഷ്ട്രീയത്തോട് ഇടതു പക്ഷം സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ കെ.എം. സലിംകുമാര്‍ മാതൃഭുമിയില്‍ (ഡിസംബര്‍20-26) ലേഖനമെഴുതി. 'വി എസ മറക്കരുതാത്തത്' എന്നാണ് തലവാചകം. ഒരു പരിധി വരെയെങ്കിലും ജാതിമതഭേദമന്യേ ഒന്നിച്ചു നിന്നിരുന്ന കേരള ജനതയെ ,സാമുദായിക സ്പര്‍ദ്ധ വളര്‍ത്തി വിഭജിക്കാന്‍ സാമുദായിക(ദളിത്‌) രാഷ്ട്രീയം ശ്രമിക്കുന്നു എന്ന വി എസിന്റെ ആരോപണത്തിന് മറുപടിയാണ് ലേഖനം.

ആത്യന്തികമായി ഉള്ളവനും ഇല്ലാത്തവനും എന്ന വിഭജനം മാത്രമാണ് മനുഷ്യന്റെ ദുരിതങ്ങള്‍ക്ക് കാരണം എന്ന ഇടതുപക്ഷ നിലപാടിനെതിരെ പരമ്പരാഗതമായ ജാതി-ഗോത്ര വിഭജനങ്ങള്‍ ഉയര്‍ത്തിപിടിക്കുകയാണ് സലിംകുമാര്‍. ഇത്തരം വിഭജനങ്ങള്‍ വര്‍ഗസമരസിദ്ധാന്തന്തങ്ങള്‍ക്ക് വഴങ്ങാത്തവയാണെന്നും, വര്‍ഗസമരത്തിലൂടെ ജാതി തന്നെ ഇല്ലാതാകുമെന്ന വാദം അസംബന്ധമാണെന്നും ലേഖനത്തില്‍ പറയുന്നു. എല്ലാ ജാതികളിലുമുള്ള, ഉള്ളവനെന്നും, ഇല്ലാത്തവനെന്നുമുള്ള വ്യത്യാസത്തെക്കുറിച്ച് മാത്രമല്ല, ജാതികള്‍ തമ്മിലുള്ള വ്യത്യാസത്തെകുറിച്ചും ചര്‍ച്ച ചെയ്യണമെന്നാണ് വാദം. കാരണം വര്‍ഗവ്യത്യാസം ഉണ്ടാകുന്നതിനും മുന്‍പ് രൂപം കൊണ്ടവയാണ് ഇന്ത്യയിലെ ജാതി വിഭജനങ്ങള്‍ എന്നതാണ് ഇതിന്റെ കാരണമായി ചൂണ്ടി കാണിക്കുന്നത്. പക്ഷെ ആധുനിക സാഹചര്യങ്ങളില്‍ മേല്ജാതിയിലെയും കീഴ്ജാതിയിലെയും പണക്കാര്‍ തമ്മില്‍ എന്താണ് വ്യത്യാസം? സാമൂഹിക സൗകര്യങ്ങളും സാഹചര്യവും ഇവര്‍ക്ക് ഒരു പോലെ തന്നെ അനുഭവിക്കാനാവുന്നില്ലേ? ആചാരങ്ങളും അനുഷ്ഠാനങ്ങളും പൊഴിഞ്ഞു പോകുന്ന പുതിയ കാലത്ത് ദളിത് പണക്കാരനും നായര്‍ പണക്കാരനും തമ്മിലെന്താണ് അന്തരം? (കേരളം കുടെഞ്ഞെറിഞ്ഞ ആചാര-അനുഷ്ഠാനങ്ങള്‍ പലതും പിന്‍വാതിലിലൂടെ കയറി വരാന്‍ തുടങ്ങിയിരിക്കുന്നത് , പക്ഷെ ഇത്തരം ദളിത്‌,സവര്‍ണ സംഘടനകളുടെ പരിശ്രമഫലമായിട്ടാണെന്ന് കാണാം.) ദളിതരും ആദിവാസികളും നടത്തുന്ന ഇടപെടലുകള്‍ സാമുദായിക അടിസ്ഥാനത്തിലല്ല, മറിച്ചു ഇല്ലാത്തവര്‍ എന്ന നിലയിലാവണം. അല്ലാതെ ജാതിവ്യവസ്ഥയുടെ ദുരിതങ്ങല്‍ക്കെതിരെ പോരാടാന്‍ ,സ്വന്തം ജാതി ശക്തിപെടുത്തുകയെന്ന തന്ത്രം സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുകയും പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമാക്കുകയുമേ ഉള്ളൂ.

കേരളത്തില്‍ sndp, nss ക്രിസ്ത്യന്‍ മുസ്ലിം സംഘടനകള്‍ എന്നും ഭരണകൂടത്തിന്‍റെ മേല്‍ സമ്മര്‍ദ്ദംചെലുത്തി നേട്ടങ്ങളുണ്ടാക്കുന്നു എന്നും, അതുകൊണ്ട് ദളിതരും ആ വഴി തന്നെ സ്വീകരികണമെന്നും ലേഖനം ആവശ്യപ്പെടുന്നു. പക്ഷെ അരനൂറ്റാണ്ടായി കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ സംഘടനകള്‍ അതാത് സമുദായങ്ങളിലെ സാമ്പത്തികമായി അടിതട്ടിലുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയോ എന്ന ചോദ്യതിനുത്തരമില്ല.
ഈ സംഘടനകളിലൂടെ നേട്ടമുണ്ടാക്കിയത് സമുദായത്തിലെ ഉയര്‍ന്ന സാമ്പത്തിക വരഗമാണെന്ന് കാണാതെ പോകരുത്.

എല്ലാ മതങ്ങളെയും സ്വീകരിക്കേണ്ടി വന്ന, ജാതി ശ്രേണിയുടെഅടിത്തട്ടില്‍ ജീവിക്കേണ്ടി വന്ന സമൂഹമെന്ന നിലയില്‍, "ജാതി വിരുദ്ധവും മത നിരപേക്ഷവുമായ ഒരു വീക്ഷണത്തില്‍ നിന്ന് മാത്രമേ ദളിതര്‍ക്ക് പ്രവര്‍ത്തിക്കാനാകൂ" എന്ന് അവസാനം സലിംകുമാര്‍ സമ്മതിക്കുന്നു. പക്ഷെ ജാതി വ്യവസ്ഥയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ജാതിസംഘട്ന എന്നതിന്റെ അര്‍ത്ഥം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഒരു ജാതി ഒരു മതം എന്ന് പറഞ്ഞു രൂപീകരിക്കപ്പെട്ട എസ എന്‍ ഡി പി അവസാനം ഈഴവ സംഘടനയായി മാറിയതിനെയാണ് അത് ഓര്‍മിപ്പിക്കുന്നത്. ഇന്നത്തെ കാലത്ത് സാംസ്കാരിക രാഷ്ട്രീയഭരണ രംഗത്തെ ഉന്നതര്‍ പോലും പൊതു ഇടങ്ങളില്‍ ജാതി മത ഗ്രൂപുകളുടെ വക്താക്കളായാണ് പ്രത്യക്ഷപ്പെടുന്നത്, അത്തരമൊരു സാഹചര്യത്തില്‍ പറയാനൊരു നേതാവും , നേതാവിന് സ്വയം വീര്‍പ്പിക്കാന്‍ കുറെ അണികളും ഉള്ളൊരു സംഘടന വേണം. ചുരുക്കി പറഞ്ഞാല്‍ എസ് എന്‍ ഡി പി , എന്‍ എസ് എസ് പോലെ മറ്റൊരു ജാതി സംഘടന കൂടി, അത്രതന്നെ.
വാല്‍കഷണം :

ഇതിനെ കുറിച്ച് ഒരു കവിത ഇവിടെ.