Saturday, January 9, 2010

ദളിത്‌ രാഷ്ട്രീയം : സലിംകുമാറിന്റെ ലേഖനം




ദളിത് രാഷ്ട്രീയത്തോട് ഇടതു പക്ഷം സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ കെ.എം. സലിംകുമാര്‍ മാതൃഭുമിയില്‍ (ഡിസംബര്‍20-26) ലേഖനമെഴുതി. 'വി എസ മറക്കരുതാത്തത്' എന്നാണ് തലവാചകം. ഒരു പരിധി വരെയെങ്കിലും ജാതിമതഭേദമന്യേ ഒന്നിച്ചു നിന്നിരുന്ന കേരള ജനതയെ ,സാമുദായിക സ്പര്‍ദ്ധ വളര്‍ത്തി വിഭജിക്കാന്‍ സാമുദായിക(ദളിത്‌) രാഷ്ട്രീയം ശ്രമിക്കുന്നു എന്ന വി എസിന്റെ ആരോപണത്തിന് മറുപടിയാണ് ലേഖനം.

ആത്യന്തികമായി ഉള്ളവനും ഇല്ലാത്തവനും എന്ന വിഭജനം മാത്രമാണ് മനുഷ്യന്റെ ദുരിതങ്ങള്‍ക്ക് കാരണം എന്ന ഇടതുപക്ഷ നിലപാടിനെതിരെ പരമ്പരാഗതമായ ജാതി-ഗോത്ര വിഭജനങ്ങള്‍ ഉയര്‍ത്തിപിടിക്കുകയാണ് സലിംകുമാര്‍. ഇത്തരം വിഭജനങ്ങള്‍ വര്‍ഗസമരസിദ്ധാന്തന്തങ്ങള്‍ക്ക് വഴങ്ങാത്തവയാണെന്നും, വര്‍ഗസമരത്തിലൂടെ ജാതി തന്നെ ഇല്ലാതാകുമെന്ന വാദം അസംബന്ധമാണെന്നും ലേഖനത്തില്‍ പറയുന്നു. എല്ലാ ജാതികളിലുമുള്ള, ഉള്ളവനെന്നും, ഇല്ലാത്തവനെന്നുമുള്ള വ്യത്യാസത്തെക്കുറിച്ച് മാത്രമല്ല, ജാതികള്‍ തമ്മിലുള്ള വ്യത്യാസത്തെകുറിച്ചും ചര്‍ച്ച ചെയ്യണമെന്നാണ് വാദം. കാരണം വര്‍ഗവ്യത്യാസം ഉണ്ടാകുന്നതിനും മുന്‍പ് രൂപം കൊണ്ടവയാണ് ഇന്ത്യയിലെ ജാതി വിഭജനങ്ങള്‍ എന്നതാണ് ഇതിന്റെ കാരണമായി ചൂണ്ടി കാണിക്കുന്നത്. പക്ഷെ ആധുനിക സാഹചര്യങ്ങളില്‍ മേല്ജാതിയിലെയും കീഴ്ജാതിയിലെയും പണക്കാര്‍ തമ്മില്‍ എന്താണ് വ്യത്യാസം? സാമൂഹിക സൗകര്യങ്ങളും സാഹചര്യവും ഇവര്‍ക്ക് ഒരു പോലെ തന്നെ അനുഭവിക്കാനാവുന്നില്ലേ? ആചാരങ്ങളും അനുഷ്ഠാനങ്ങളും പൊഴിഞ്ഞു പോകുന്ന പുതിയ കാലത്ത് ദളിത് പണക്കാരനും നായര്‍ പണക്കാരനും തമ്മിലെന്താണ് അന്തരം? (കേരളം കുടെഞ്ഞെറിഞ്ഞ ആചാര-അനുഷ്ഠാനങ്ങള്‍ പലതും പിന്‍വാതിലിലൂടെ കയറി വരാന്‍ തുടങ്ങിയിരിക്കുന്നത് , പക്ഷെ ഇത്തരം ദളിത്‌,സവര്‍ണ സംഘടനകളുടെ പരിശ്രമഫലമായിട്ടാണെന്ന് കാണാം.) ദളിതരും ആദിവാസികളും നടത്തുന്ന ഇടപെടലുകള്‍ സാമുദായിക അടിസ്ഥാനത്തിലല്ല, മറിച്ചു ഇല്ലാത്തവര്‍ എന്ന നിലയിലാവണം. അല്ലാതെ ജാതിവ്യവസ്ഥയുടെ ദുരിതങ്ങല്‍ക്കെതിരെ പോരാടാന്‍ ,സ്വന്തം ജാതി ശക്തിപെടുത്തുകയെന്ന തന്ത്രം സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുകയും പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമാക്കുകയുമേ ഉള്ളൂ.

കേരളത്തില്‍ sndp, nss ക്രിസ്ത്യന്‍ മുസ്ലിം സംഘടനകള്‍ എന്നും ഭരണകൂടത്തിന്‍റെ മേല്‍ സമ്മര്‍ദ്ദംചെലുത്തി നേട്ടങ്ങളുണ്ടാക്കുന്നു എന്നും, അതുകൊണ്ട് ദളിതരും ആ വഴി തന്നെ സ്വീകരികണമെന്നും ലേഖനം ആവശ്യപ്പെടുന്നു. പക്ഷെ അരനൂറ്റാണ്ടായി കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ സംഘടനകള്‍ അതാത് സമുദായങ്ങളിലെ സാമ്പത്തികമായി അടിതട്ടിലുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയോ എന്ന ചോദ്യതിനുത്തരമില്ല.
ഈ സംഘടനകളിലൂടെ നേട്ടമുണ്ടാക്കിയത് സമുദായത്തിലെ ഉയര്‍ന്ന സാമ്പത്തിക വരഗമാണെന്ന് കാണാതെ പോകരുത്.

എല്ലാ മതങ്ങളെയും സ്വീകരിക്കേണ്ടി വന്ന, ജാതി ശ്രേണിയുടെഅടിത്തട്ടില്‍ ജീവിക്കേണ്ടി വന്ന സമൂഹമെന്ന നിലയില്‍, "ജാതി വിരുദ്ധവും മത നിരപേക്ഷവുമായ ഒരു വീക്ഷണത്തില്‍ നിന്ന് മാത്രമേ ദളിതര്‍ക്ക് പ്രവര്‍ത്തിക്കാനാകൂ" എന്ന് അവസാനം സലിംകുമാര്‍ സമ്മതിക്കുന്നു. പക്ഷെ ജാതി വ്യവസ്ഥയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ജാതിസംഘട്ന എന്നതിന്റെ അര്‍ത്ഥം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഒരു ജാതി ഒരു മതം എന്ന് പറഞ്ഞു രൂപീകരിക്കപ്പെട്ട എസ എന്‍ ഡി പി അവസാനം ഈഴവ സംഘടനയായി മാറിയതിനെയാണ് അത് ഓര്‍മിപ്പിക്കുന്നത്. ഇന്നത്തെ കാലത്ത് സാംസ്കാരിക രാഷ്ട്രീയഭരണ രംഗത്തെ ഉന്നതര്‍ പോലും പൊതു ഇടങ്ങളില്‍ ജാതി മത ഗ്രൂപുകളുടെ വക്താക്കളായാണ് പ്രത്യക്ഷപ്പെടുന്നത്, അത്തരമൊരു സാഹചര്യത്തില്‍ പറയാനൊരു നേതാവും , നേതാവിന് സ്വയം വീര്‍പ്പിക്കാന്‍ കുറെ അണികളും ഉള്ളൊരു സംഘടന വേണം. ചുരുക്കി പറഞ്ഞാല്‍ എസ് എന്‍ ഡി പി , എന്‍ എസ് എസ് പോലെ മറ്റൊരു ജാതി സംഘടന കൂടി, അത്രതന്നെ.
വാല്‍കഷണം :

ഇതിനെ കുറിച്ച് ഒരു കവിത ഇവിടെ.

12 comments:

  1. ജാതിവ്യവസ്ഥക്കെതിരെ ജാതിസം ഘടന-മനസ്സിലാവുന്നില്ല അല്ലേ?.
    കൂട്ടേ,ദലിത് എന്നതൊരു ജാതിയല്ല.വ്യത്യസ്ത് ആചാരമര്യാദകള്‍ പാലിക്കുന്ന ഒരുകൂട്ടം ഗോത്രസമൂഹങ്ങളുടെ പൊതുബോധമാണ്‌.എന്‍.എസ്സ്.എസ്സ്-പതിനെട്ട് ജാതികളുടെയും .,എസ്.എന്‍.ഡി.പി-സമാനമായ ആറുജാതികളുടെയും കൂട്ടമായതുപോലൊരു സമുദായവല്‍ക്കരണം ദലിതുകളിലുണ്ടായില്ല.അതിന്-പലകാരണങ്ങളുണ്ട്.ജാതിസം ഘടന -നേതാക്കളുടെ മാത്രം ഉയര്‍ച്ചയുടെ പ്രശ്നമാണന്നു സാമാന്യവല്ക്കരുക്കുന്നത് ചരിത്രബോധമില്ലായ്മയുടെതാണ്‌.വല്യവിഷയം -പക്ഷേ സമയമില്ല.

    ReplyDelete
  2. ചാര്‍വാകന്‍, അഭിപ്രായത്തിനു നന്ദി.
    ദളിത്‌ എന്നുപറയുന്നത് ജാതികള്‍ക്കു പകരം ഗോത്രങ്ങളുടെ ഒരു കൂടായ്മ ആണെങ്കിലും അതിനു ജാതി-സാമുദായിക രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായി എന്താണ് വാഗ്ദാനം ചെയ്യാനുണ്ടാവുക? ജാതി സംഘടനകള്‍, കേരളത്തിന്റെ കാര്യത്തിലെങ്കിലും, അതത് സമുദായങ്ങളുടെ പുരോഗമനത്തില്‍ വലിയ പങ്കൊന്നും വഹിച്ചിട്ടില്ലെന്നാണ് എന്റെ വിശ്വാസം. ആദ്യകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം(വിമോചന സമര ശേഷം) പ്രത്യേകിച്ചും.

    ReplyDelete
  3. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി സസൂക്ഷം വിലയിരുത്തുക.ആ കാലഘട്ടത്തിലാണ്‌ കേരളത്തിലെ 'ജാതി'ഒരുവിഷയമായി വരുന്നതും എല്ലാസമുദായങ്ങളും ചിലതിരിച്ചറിവിലേയ്ക്കെത്തുന്നതും .ഇതിനു നിമിത്തമായതാവട്ടെ കോളോണിയലിസവും ,ദേശീയമായ ചെറുത്തുനില്പും .അയിത്ത/അടിമ ജാതിസമൂഹങ്ങളെ സം ബന്ധിച്ച് ഗുണപരമായിരുന്നു കോളോണിയല്‍ഭരണം .ജാതി/ജന്മി നാടുവാഴിത്വത്തില്‍ നിന്നും ചെറിയതോതിലുള്ള മോചനം അതുകൊണ്ടുവന്നു.1823-ലെ വൈകുണ്ട്ഠസ്വാമിയുടെ പ്രസ്ഥാനം മുതല്‍ തുടങ്ങുന്നു.ചാന്നാര്‍ കലാപത്തിലൂടെ ജാതിവിരുദ്ധ കലാപത്തിന്‌ തുടക്കമാകുന്നു.കേരളത്തിലെ നവോദ്ധാനചരിത്രം ശ്രദ്ധിച്ചാല്‍ മതിയാകും .യൂറോപ്പിലൊക്കയുണ്ടായതുപോലുള്ള ഒരു"പൊളിച്ചെഴുത്ത്"ആയിരുന്നില്ല ഇന്ത്യയിലോ,കേരളത്തിലോ നടന്നത്;മറിച്ച് മത/സാമുദായിക പരിഷ്ക്കരണമാണ്‌.ശ്രീനാരായണന്‍,ചട്ടമ്പിസ്വാമി,പൊയ്കയില്‍ അപ്പച്ചന്‍,ശുഭാനന്ദഗുരു-തുടങ്ങി ആത്മീയതയിലും ,അയ്യന്‍കാളി,സഹോദരന്‍,തുടങ്ങി നൂറുകണക്കായ സമുദായ പ്രവര്‍ത്തകരും നിര്‍മ്മിച്ചെടുത്ത 'ആധുനിക'സമൂഹത്തിലാണ്‌,മതേതരവും /വര്‍ഗ്ഗപരവുമായ ചലനമുണ്ടാക്കി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.അതിന്‌ കാരണമായത്-ദേശീയ പ്രസ്ഥാനത്തിന്റെ കോളനിവിരുദ്ധ സമരവും ,സോവിയറ്റു യൂണിയന്‍ രൂപീക്രിതമാവുന്നതോടെ ലോകത്തിനുണ്ടാവുന്ന'സോഷ്യലിസ്റ്റു'ധാരണയുമാണ്`.

    ReplyDelete
  4. ആ കാലത്തിലെ മനുഷ്യാവസ്ഥ ബോധ്യമുണ്ടാവണം .ചിലസമുദായങ്ങളില്‍ മാത്രം സമ്പത്തും മനുഷ്യാവകാശങ്ങ്ളും കേന്ദ്രീകരിക്കുകയും ,അവര്‍ണ്ണ/അധ്:സ്ഥിത ജനതയില്‍ ഒട്ടുമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ,സ്വാഭാവികമായും ഉരുത്തിരിഞ്ഞ പരിഷ്ക്കരണപരമായ പ്രസ്ഥാനങ്ങള്‍ അതാതു ജാതികളെ ഗുണപരമായി പരിവര്‍ത്തിപ്പിച്ചു.1891-ലെ മലയാളിമെമ്മോറിയല്‍ നായര്‍ സമുദായത്തെ എങ്ങനെ മാറ്റിതീര്‍ത്തുവെന്നു നോക്കുക.1896-ല്‍ ഈഴവ മെമ്മോറിയലുണ്ടാകാനുള്ള കാരണം മലയാളിമെമ്മോറിയലുകൊണ്ട് ഈഴവര്‍ക്കു ഗുണമില്ലാത്തതിനാല്‍ സ്വന്തം നിലയ്ക്ക് രൂപപ്പെടുത്തുകയായിരുന്നു.പൊതുവഴിയില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനും ,വിദ്യാലയ പ്രവേശനത്തിനും വേണ്ടി അയ്യങ്കാളി,ലിസ്റ്റു നീട്ടുന്നില്ല...ഇതെല്ലാം അതാതു സമുദായങ്ങളില്‍ വന്ന മാറ്റം വലുതാണ്‌.പഠിയ്ക്കാനുള്ള മനസ്സുണ്ടായാല്‍മതി.നാല്പതുകളില്‍ രൂപപ്പെട്ട കമ്മ്യുണിസ്റ്റു/സോഷ്യലിസ്റ്റു /തൊഴിലാളിപ്രസ്ഥാനങ്ങളും ,തുടര്‍ന്ന് ഭരണകക്ഷിയാവുന്നവരെയുള്ള കാലത്ത് മേല്‍പറഞ്ഞ സമുദായപ്രസ്ഥാനങ്ങള്‍ക്ക് വലിയ പ്രസ്ക്തിയില്ലായിരുന്നെങ്കിലും ,ഇപ്പോള്‍ ശക്തിപ്പെട്ടിരിക്കുന്നു.കാരണം താങ്കള്‍ കണ്ടത്തുന്നത് ഉചിതം .

    ReplyDelete
  5. താങ്കള്‍ സൂചിപ്പിച്ച വിമോചനസമരം ,കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തില്‍ നിര്‍ണ്ണായകമായൊരു ഘട്ടമാണ്‌.അതുപക്ഷേ കമ്മ്യുണിസ്റ്റുപാര്‍ട്ടി പ്രചരിപ്പിക്കുന്നതു പോലെ,കേവലം വലതുരാഷ്ട്രീയത്തിന്റെയും -മത/ജാതി സങ്കുചിത ബോധത്തിന്റേയും മാത്രം ഉല്‍പന്നമല്ല,മറിച്ച് കാര്‍ഷികമേഖലയിലെ തൊഴില്‍ശക്തികള്‍(അവര്‍ മഹാഭൂരിപക്ഷവും അധസ്ഥിതരായിരുന്നു.)സം ഘടിതരാവുകയും ,വിലപേശല്‍ ശക്തിയാവുകയും ചെയ്തപ്പോള്‍ നിലവിലുണ്ടായിരുന്ന ഉല്‍പാദനബന്ധങ്ങളില്‍ ഉലച്ചിലുണ്ടായി.അങ്ങനെയാണ്‌ ക്രിഷിഭൂമിയുടെ കുത്തകാവകാശമുണ്ടായുരുന്ന,നായര്‍/സവര്‍ണ്ണക്രിസ്ത്യാനികള്‍/ഈഴവരിലെ മുന്തിയ ഇനങ്ങള്‍ എന്നിവര്‍ സമരരം ഗത്തുവന്നത്.കുട്ടനാട്ടില്‍ നിരണം പടയുണ്ടാകുന്നതും .മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസപരിഷകരണം ഒരുനിമിത്തമായി.ഇന്നും അതിന്റെ ഗുണം ലഭിക്കുന്നത് മേല്‍സൂചിപ്പിച്ച സമുദായങ്ങള്‍ക്കാണല്ലോ..സം ശയം ?

    ReplyDelete
  6. ക്ഷമിക്കണം, ജാതി സംഘടനകള്‍ കേരള സമൂഹത്തിനു ഗുണമൊന്നും ചെയ്തില്ലെന്ന വാദം ഞാന്‍ പിന്‍വലിക്കുന്നു. ഞാന്‍ ഉദ്ദേശിച്ചത് സമകാലിക(വിമോചന സമരാനന്തര) കേരള സമൂഹത്തിന്റെ കാര്യമായിരുന്നു. പക്ഷെ 'വാക്യത്തില്‍ പ്രയോഗിച്ചപ്പോള്‍' തെറ്റിപോയി. :( . ചാര്‍വാകന്‍ പറഞ്ഞ കാര്യങ്ങളോട് ഞാനും യോജിക്കുന്നു. അയിത്തവും തൊട്ടുകൂടായ്മയും നിലനിന്നിരുന്ന കാലത്ത് ജാതി സംഘടനകള്‍ക്ക് സമൂഹത്തില്‍ വളരെ വലിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ സ്തുത്യര്‍ഹമായി തന്നെ ആ കടമകള്‍ നിര്‍വഹിക്കുകയും ചെയ്തു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്.
    മൂലധനാധിഷ്ടിതമായ സാമ്രാജ്യത്വ ഭരണം, സാമുദായിക ശ്രേണികളെ അത്ര കാര്യമായൊന്നും പരിഗണിക്കാത്ത അവസ്ഥയും, പുതിയ ചിന്തകളുടെ ഉണര്‍വും അത്തരം സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അടിത്തറയൊരുക്കി. ചാര്‍വാകന്‍ സൂചിപ്പിച്ചതുപോലെ ഈ പുരോഗമന ചിന്തകള്‍ ഉഴുതൊരുക്കിയ മണ്ണില്‍ തന്നെയാണ് പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വളര്‍ന്നത്‌. പക്ഷെ ഈ ഉണര്‍വിന്റെ അടുത്ത പടിയായി ആദ്യത്തെ സര്‍ക്കാര്‍ ഭൂവിതരണത്തിലും വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍, ഇതേ സാമുദായിക സംഘടനകള്‍ തന്നെ വര്‍ഗപരമായി സംഘടിച്ചു. എല്ലാ വിഭാഗങ്ങളിലുമുള്ള സാമ്പത്തികമായി ഉയര്‍ന്ന വര്‍ഗം ജാതി-മതേതരമായി ഒന്നിച്ചു. (ഈ ഇടതുപക്ഷ പരിഷ്കരണങ്ങള്‍ എത്രമാത്രം ഫലപ്രദമായി എന്നത് വേറെ കാര്യം.:)) വിമോചന സമരത്തിന്റെ ഈ കാലത്താണ് സാമുദായിക സംഘടനകള്‍ക്ക് വഴി തെറ്റിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അധസ്ഥിതരുടെ പക്ഷത്തു നില്‍ക്കുന്നതിനു പകരം അവര്‍ വലതുപക്ഷ,സവര്‍ണ മേധാവിത്വങ്ങള്‍ക്കൊപ്പം നിന്നു.
    ജാതിമത വൈരുധ്യങ്ങള്‍ വളരെ പ്രകടമായിരുന്ന പഴയകാലത്ത് സമുദായ സംഘടനകള്‍ക്ക് ഉണ്ടായിരുന്ന പ്രസക്തി, ഈ വൈരുദ്ധ്യങ്ങള്‍ക്കപ്പുറം സമത്വം(സാമ്പത്തികമായല്ല) നേടിയ ഇന്നത്തെ കേരളത്തിലുണ്ടോ? വിവിധ തരം ജന മുന്നേറ്റങ്ങളിലൂടെയും, ഭരണഘടനാപരമായ സംവരണങ്ങളിലൂടെയും അവസരങ്ങളിലും, സൌകര്യങ്ങളിലും ജാതിമത വ്യത്യാസങ്ങല്‍ക്കതീതമായ സമത്വം നേടിയ കേരളീയ സമൂഹത്തില്‍ ഇനി നമ്മള്‍ നേരിടേണ്ടത് സാമ്പത്തിക അസമത്വങ്ങളെ അല്ലെ? ജാതി വ്യവസ്ഥ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന( ഇന്നത്തെ ജാതി രാഷ്ട്രീയത്തിന്റെ ഗുണഫലങ്ങള്‍ അനര്‍ഹമായി അനുഭവിക്കുന്ന ) വിഭാഗം അതിനോട് യോജിക്കില്ലെന്കിലും, അത് തന്നെയല്ലേ യാഥാര്‍ത്ഥ്യം?
    ദളിത്‌ സാമുദായിക രാഷ്ട്രീയത്തേക്കാള്‍ ഫലപ്രദവും ഗുണകരവുമാകുക സാമ്പത്തിക അടിസ്ഥാനത്തില്‍ അധസ്ഥിതരുടെ കൂട്ടായ്മ തന്നെയാവില്ലേ? സാമ്പത്തിക സമത്വത്തിലൂടെ ദളിത് പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലേ?

    ReplyDelete
  7. താങ്കളുടെ വാദഗതിയില്‍,വിയോജിപ്പുള്ള ഒരുകാര്യം ആദ്യമേ ഉന്നയിക്കേണ്ടതായിരുന്നു.അത്,എസ്.എന്‍.ഡി.പി/എന്‍.എസ്സ്.എസ്സ്/ക്രിസ്ത്യന്‍ സഭകള്‍ പോലെ ദലിതരുടെ സാമൂദായ സം ഘടനകളെ പരിഗണിക്കരുത്.കാരണം അത്രമാത്രം ദുര്‍ബലമാണ്‌,ആ സമുദായങ്ങളെ പോലെ അതിന്റെ നൂറുകണക്കിനു സം ഘടനകളും .പിന്നൊന്നുള്ളത്,അയിത്തം മാറികിട്ടിയതിനാല്‍ സാമൂഹ്യമായി പ്രശ്നങ്ങളൊന്നുമില്ലന്ന് 'പൊതുബോധം 'സ്വീകരിച്ച് ഇനി സാമ്പത്തിക പ്രശ്നങ്ങളെയുള്ളന്ന,മുഖ്യധാരാ രാഷ്ട്രീയ വിലയിരുത്തല്‍ ദലിതുകളുടെ രാഷ്ട്രീയത്തിനു സ്വീകാര്യമല്ല.വൈകിമാത്രം വിദ്യാഭ്യാസം കിട്ടി സം വരണത്തിന്റെ ബലത്തില്‍ സര്‍ക്കാരുദ്യോഗം നേടിയ ചെറുന്യൂനപക്ഷത്തെ ചൂണ്ടികാട്ടിയാണ്‌ ഈനിഗമനത്തില്‍ എത്തുന്നത്.സുഹ്രത്തെ,മറ്റെന്തെങ്കിലുമൊരു സ്ഥാപനം (വ്യവസായ/വാണിജ്യ/കച്ചവട)ഈ വിഭാഗത്തിന്റേതായി ഉണ്ടങ്കില്‍ അതൊന്നു പറയണേ...ഭൂമിയൊരു മൂലധനമാറിയ ഇക്കാലത്ത്,ഭൂമിയിന്മേലുള്ള(ക്രിഷി/താമസം ) പങ്കുകൂടി..പറയുക.
    വിമോചനസമരാനന്തരം ,വലതുപക്ഷ/സവര്‍ണ മാടമ്പികള്‍ക്കൊപ്പം നിന്നതിനെ പറ്റി അറിഞ്ഞു കൂടാ.വിശദമാക്കുമല്ലോ..?
    'അനര്‍ഹ'മായി സം വരണം അനുഭവിക്കുന്ന ഒരാളുതന്നെയണ്‌,ഞാന്‍.വിഷയത്തില്‍നിന്നും മാറാന്‍ ഉദ്ദേശവുമില്ല.

    ReplyDelete
  8. ഞാനും ഈ പറഞ്ഞ സംവരണത്തിനു അര്‍ഹനായ കീഴ്ജാതിക്കാരന്‍ തന്നെ, തീര്‍ച്ചയായും അധസ്ഥിതര്‍ക്ക് ലഭിക്കുന്ന പരിഗണനയില്‍ വിദ്വേഷമുള്ള സവര്‍ണ്ണന്‍ ഒന്നുമല്ല. :) പക്ഷെ മലബാറുകാരനായ എനിക്ക് കീഴ്ജാതി എന്ന പേരില്‍ ഒരവഗണനയും ഇതേ വരെ നേരിടേണ്ടി വന്നിട്ടില്ല. എന്റെ അറിവില്‍ മറ്റാര്‍ക്കും അത്തരമൊരു അനുഭവം ഉണ്ടായിട്ടുമില്ല. പക്ഷെ തീര്‍ച്ചയായും ദളിതുകളും മറ്റും വളരെയധികം പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇല്ലെന്നു ഞാന്‍ പറയുന്നില്ല. അവയുടെയൊക്കെ അടിസ്ഥാനകാരണം സാമ്പതികമല്ലേ? പക്ഷെ അവയ്ക്കെതിരെ പോരാടാന്‍ എന്തിനു സാമുദായിക രാഷ്ട്രീയം എന്ന വഴി സ്വീകരിക്കണം? കാരണം കേരളത്തില്‍ ഇന്ന് ജാതി നിലനില്‍ക്കുന്നത് ജാതി ചോദിക്കുന്നതുകൊണ്ടും പറയുന്നതുകൊണ്ടും മാത്രമാണെന്ന്‍ ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ സാമ്പത്തിക അസമത്വങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടുതാനും. ഗോത്രത്തിന്റെയോ, സമുദായത്തിന്റെയോ അടിസ്ഥാനത്തില്‍ സംഘടിക്കുന്നതിനു പകരം വര്‍ഗപരമായി ഒന്നിച്ചു നിന്നുകൂടെ?

    ReplyDelete
  9. മലബാറെന്ന നാട് ഇന്ത്യയിലോ,കേരളത്തിലോ ആണന്നുകരുതി.അവിടന്നു ജാതിവ്യവസ്ഥപോയതായി അറിഞ്ഞില്ല സുഹ്രത്തെ.ജാതിയെന്നത് ആരെങ്കിലും അനുഭവിക്കുന്ന അവഗണനയോ,പീഡനമോആയി ചുരുക്കികാണുന്നവരോട് സം വാദത്തിനു സ്കോപ്പില്ല.മാര്‍ക്സിസ്റ്റ് പാഠഭാഗങ്ങളില്‍ തപ്പിയിട്ടും കാര്യമില്ല.രണ്ടു കോര്‍ട്ടിലായിനിന്ന് പരസ്പരം അടിച്ചുകളിയ്കുന്നതിനോട് താല്പര്യമില്ലാത്തതിനാല്‍ ഇവിടെ നിര്‍ത്തുന്നു.സ്നേഹത്തോടെ.

    ReplyDelete
  10. മലബാര്‍ ഇന്ത്യയിലും കേരളത്തിലും തന്നെ മാഷേ. പക്ഷെ തെക്കന്‍ കേരളത്തിലുള്ള ജാതി സംഘടനകളുടെ സ്വാധീനത്തിന്റെ ചെറിയൊരംശം പോലുമില്ല അവിടങ്ങളില്‍. കാരണം വര്‍ഗപരമായി സംഘടിക്കപ്പെട്ട കമ്മ്യൂണിസ്റ്റ്‌ പാര്‍ടികളുടെ സ്വാധീനം തന്നെ. ജാതി എന്നത്, തനിക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത ജനനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുകയും അതിന്റെ പേരില്‍ അവഗണനയും പീഡനവും ഏല്‍ക്കേണ്ടി വരുന്ന അവസ്ഥാ വിശേഷം മാത്രമാണെന്ന് തന്നെയാണ് എന്റെ വിശ്വാസം. അല്ലാതെ ഒരു ജാതിയില്‍ പെട്ട മനുഷ്യര്‍ക്ക്‌ ബൌദ്ധികമായോ സാമൂഹികമായോ മറ്റുള്ളവരേക്കള്‍ എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
    ഓഫ്‌: പിന്നെ കളിച്ചു കളിച്ചു രണ്ടുപേരും ഒരേ കോര്‍ട്ടില്‍ ഒന്നിച്ചു കളിക്കുന്നത് വരെ എത്തണമെന്ന് നിര്‍ബന്ധമില്ലല്ലോ. ബ്ലോഗില്‍ അടുത്തിടെ ആരോ പറഞ്ഞത് പോലെ എല്ലാ ചര്‍ച്ചയിലും ഒരു പക്ഷം വിജയിക്കണമെന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. ആശയങ്ങള്‍ പങ്കു വയ്ക്കുകയും സ്വയം തിരുത്തുകയുമാണ് സംവാദങ്ങളുടെ ലക്‌ഷ്യം. എന്തായാലും എന്റെ വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും ഒന്നുകൂടി വിശകലനം ചെയ്യാന്‍ ചാര്‍വാകന്റെ കമെന്റുകള്‍ സഹായിച്ചു. ഹൃദയം നിറഞ്ഞ നന്ദി. വീണ്ടും വരിക. :)

    ReplyDelete
  11. സാംഷ്യറോഷിനോട് വിയോജിപ്പുണ്ട്. കേരളത്തില്‍ ജാതി ഏതാണ്ടില്ലാതായി എന്നാണല്ലോ താങ്കള്‍ പറയുന്നത്. പിന്നെന്താണ് കേരളത്തില്‍ സജാതീയ വിവാഹങ്ങള്‍ മാത്രം നടക്കുന്നത്? ഹിന്ദുക്കളില്‍ 99 % പേരും സ്വജാതിയില്‍ നിന്നാണ് വിവാഹം കഴിക്കുന്നത്‌. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരായി ഇന്നും നിയമിക്കപ്പെടുന്നത് ബ്രാഹ്മണര്‍ മാത്രം. (ഈഴവ സമുദായത്തിന്റെ ചില ക്ഷേത്രങ്ങള്‍ അപവാദമായുണ്ട് എന്നത് മറക്കുന്നില്ല. പക്ഷെ അവിടെ ആ ജാതിയിലുള്ളവര്‍ മാത്രമേ പോകാറുള്ളൂ.!) ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളില്‍ അബ്രാഹ്മണ പൂജാരിമാരെ നിയമിച്ചപ്പോള്‍ ഭക്തര്‍ സംഘം ചേര്‍ന്ന് അത് തടഞ്ഞ സംഭവം പോലുമുണ്ടായിട്ടുണ്ട് പ്രബുദ്ധ കേരളത്തില്‍ ! പണ്ട് കെ ആര്‍ നാരായണന്‍ പ്രസിഡന്റായപ്പോള്‍ ഞങ്ങളുടെ അയല്‍വാസിയായ ഒരു ചങ്ങാതി പ്രതികരിച്ചത് "പരവനാ അവന്‍" എന്നായിരുന്നു! കൃത്യമായി അയാള്‍ ജാതിയിലെ ഉപ വിഭാഗം കൂടി ഓര്‍ത്തിരിക്കുന്നു! ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും വലിയ സ്ഥാനത്തിരുന്ന ആ മഹാനായ മനുഷ്യനെ വയനാട്ടുകാരനായ ഒരു സാദാ മനുഷ്യന്‍ വിലയിരുത്തിയത് നോക്കുക! ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ കണ്ടു മുട്ടിയ പഴയ ഒരു സുഹൃത്ത് , അവിടെ ഓടുന്ന ഒരു ബസ്സിനെ പ്പറ്റി (ആദി വാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ) പ്പറഞ്ഞ "ഫലിതം "... "ആ ബസ്സില്‍ ഒറ്റ മനുഷ്യനില്ല എല്ലാം ആദിവാസികളാ" എന്ന്! ആദിവാസികളെ ഇന്നും പലരും മനുഷ്യരായി പ്പോലും കാണുന്നില്ല എന്ന് ചുരുക്കം. അങ്ങനെയങ്ങനെ .. എത്ര സംഭവങ്ങള്‍ വേണമെങ്കിലും പറയാന്‍ കഴിയും. നമ്മുടെ കണ്മുന്നില്‍ കാണുന്ന, കേള്‍ക്കുന്ന ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ യൊക്കെ അവഗണിച്ച് എങ്ങനെ പറയാനാകും കേരളത്തില്‍ ജാതി ഇല്ല അതൊക്കെ പണ്ടേ പോയി എന്നൊക്കെ? ?? ചാര്‍വാകന്റെ നിലപാടുകളോട് യോജിപ്പ്...

    ReplyDelete
  12. മാർച്ച് 12-ന്.പയ്യനൂരു വെച്ച് ഒരു കൻ-വെൻഷൻ ഉണ്ട്.കഴിയുമെങ്കിൽ പങ്കെടുക്കുക.ചിത്രലേഖ എന്ന ആട്ടോറിക്ഷ തൊഴിലാളിയുടെ ,തൊഴിൽ നിഷേധത്തിനും,ജാതി പീഠനത്തിനുമെതിരെ.പ്രമുഖർ പങ്കെടുക്കുന്നു.

    ReplyDelete

അറിവില്ലാത്തതു കൊണ്ട് മിണ്ടാതിരിക്കാനാവില്ലല്ലോ. തലകള്‍ മാത്രമല്ല വാലുകളും ആടണമല്ലോ.

Powered By Blogger